ലോക്പാല്‍ : പ്രമേയം സഭ അംഗീകരിച്ചു നിരാഹാരം ഇന്നു നിര്‍ത്തും

ന്യൂഡല്‍ഹി: അണ്ണ ഹസാരെ മുന്നോട്ടുവച്ച മൂന്നു നിര്‍ദേശവും ഉള്‍പ്പെടുത്തി ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കുമെന്ന പ്രമേയം പാര്‍ലമെന്റിന്റെ ഇരുസഭയും അംഗീകരിച്ചു. സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷപാര്‍ടികള്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് ദിവസങ്ങളായി നിലനിന്ന പ്രതിസന്ധിക്ക് സമാപ്തിയായത്. ശക്തവും ഫലപ്രദവുമായ ലോക്പാല്‍ എന്ന ആവശ്യം പാര്‍ലമെന്റ് ചര്‍ച്ചചെയ്ത് ഏകകണ്ഠമായി അംഗീകരിച്ചതിനാല്‍ 12 ദിവസമായി തുടരുന്ന നിരാഹാരസമരം അണ്ണ ഹസാരെ ഞായറാഴ്ച രാവിലെ അവസാനിപ്പിക്കും. ഇരുസഭയിലും ശനിയാഴ്ച നടന്ന ചര്‍ച്ചയുടെ സാരാംശം പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് കൈമാറും. പാര്‍ലമെന്റ് അംഗീകരിച്ച പ്രമേയമനുസരിച്ച് താഴെത്തട്ടുവരെയുള്ള സര്‍ക്കാര്‍ജീവനക്കാര്‍ ലോക്പാല്‍ പരിധിയില്‍വരും. സംസ്ഥാനങ്ങളില്‍ ഭരണഘടനയ്ക്കനുസൃതമായി ലോകായുക്ത രൂപീകരിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസിലും പൗരാവകാശരേഖ സ്ഥാപിക്കും. ഹസാരെസംഘവുമായി തര്‍ക്കമുണ്ടായിരുന്നത് ഈ മൂന്നു നിബന്ധനയിലായിരുന്നു. ആദ്യം ഇവ അംഗീകരിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു. ഇതേതുടര്‍ന്ന് നാലുനാളായി തുടരുന്ന ചര്‍ച്ച അനിശ്ചിതത്വത്തിലായി. പ്രതിപക്ഷപാര്‍ടികളെല്ലാം ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടിയും ഹസാരെ ഉന്നയിക്കുന്ന മൂന്നു പ്രശ്നങ്ങള്‍ക്കുവേണ്ടിയും രംഗത്തുവന്നതോടെയാണ് കോണ്‍ഗ്രസ് വഴങ്ങിയത്. രാവിലെ തുടങ്ങിയ ചര്‍ച്ചയ്ക്കൊടുവില്‍ രാത്രി എട്ടരയോടെയാണ് ഇരുസഭയും പ്രമേയം അംഗീകരിച്ചത്. തുടര്‍ന്ന് പ്രമേയത്തിന്റെ പകര്‍പ്പ് മന്ത്രി വിലാസ്റാവു ദേശ്മുഖ് രാംലീല മൈതാനിയിലെത്തി അണ്ണ ഹസാരെയ്ക്ക് നല്കി. രാംലീല മൈതാനിയില്‍ ദേശ്മുഖ്തന്നെ പ്രമേയവും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ സന്ദേശവും വായിച്ചു. ജനങ്ങളുടെ ഇച്ഛാശക്തി വിജയിച്ചിരിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം. തുടര്‍ന്ന് സംസാരിച്ച അണ്ണ ഹസാരെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നന്ദി അറിയിച്ചു. ജന്‍ലോക്പാലിനുവേണ്ടിയുള്ള സമരം ഭാഗികമായി വിജയിച്ചു. എങ്കിലും ഇത് ജനങ്ങളുടെ വിജയമാണ്; മാധ്യമങ്ങളുടെയും വിജയമാണ്. ഈ സാഹചര്യത്തില്‍ ഞായറാഴ്ച രാവിലെ 10ന് താന്‍ നിരാഹാരം അവസാനിപ്പിക്കും- ഹസാരെ വ്യക്തമാക്കി.