31 ഒക്‌ടോബർ 2011


ആ കണ്‍മണി ഇന്ത്യയില്‍ത്തന്നെ

ന്യൂഡല്‍ഹി: ലോക ജനസംഖ്യ 700 കോടിയിലെത്തിച്ച കുഞ്ഞിക്കരച്ചില്‍ ഉയര്‍ന്നത് ഇന്ത്യയില്‍നിന്ന്. ഉത്തര്‍പ്രദേശിലെ ലഖ്നൗവിനു സമീപം തിങ്കളാഴ്ച രാവിലെ 7.20ന് വിനിതയുടെയും (23) അജയുടെയും (25) മകളായി പിറന്ന നര്‍ഗിസാണ് ലോകം കാത്തിരുന്ന കണ്‍മണി. ലോകജനസംഖ്യ 700 കോടിയിലെത്തിച്ച കുഞ്ഞ് നര്‍ഗീസാണെന്ന് ഇതുസംബന്ധിച്ച പഠനം നടത്തിയ സന്നദ്ധസംഘടനയായ പ്ലാന്‍ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഭാഗ്യേശ്വരി പറഞ്ഞു. മനിലയിലെ ആശുപത്രിയില്‍ ജനിച്ച ഡാനിക്ക മേ കമായോ ആണ് ജനസംഖ്യ 700 കോടിയാക്കിയതെന്ന് ഫിലിപ്പീന്‍സ് അവകാശപ്പെട്ടു. എന്നാല്‍ , ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തത് ലക്നൗവില്‍ പിറന്ന നര്‍ഗീസാണ് താരം എന്നാണ്.

15 ഒക്‌ടോബർ 2011

പ്രവൃത്തി പരിചയ മേളകള്‍ വരവായി 
 
പ്രമോദ് അടുത്തില

വിദ്യാലയങ്ങള്‍ വിവിധ മേളകള്‍ക്ക് ഒരുങ്ങുകയാണ്. പ്രവൃത്തി പരിചയ മേളയെക്കുറിച്ചുള്ള വിവരങ്ങളാവട്ടെ ഇത്തവണ ആദ്യം. വിദ്യാര്‍ത്ഥികളില്‍ കായികവും ബുദ്ധിപരവും സര്‍ഗാത്മകവുമായ കഴിവുകള്‍ വളര്‍ത്താനും അതുവഴി അവരില്‍ തൊഴില്‍ ആഭിമുഖ്യം ഉണ്ടാക്കാനുമാണ് ഇത്തരം മേളകള്‍ ലക്ഷ്യമിടുന്നത്. തൊഴില്‍ ചെയ്യുന്നവരോടുള്ള ബഹുമാനം വര്‍ധിപ്പിക്കാനും ഭാവിയില്‍ ഒരു തൊഴില്‍ ചെയ്യാനുള്ള മാനസികമായ തയ്യാറെടുപ്പിനും ഇതിലൂടെ സാധ്യമാകും. 2009-ലെ പരിഷ്കരിച്ച മാനുവല്‍ പ്രകാരമാണ് ഇത്തവണയും മേളയുടെ നടത്തിപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന സംസ്ഥാനത്തെ ഗവ-എയ്ഡഡ്-അണ്‍എയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എല്‍പി, യുപി, ഹൈസ്കൂള്‍ , ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികളുടെ മേളയാണിത്. സ്കൂള്‍ , ഉപജില്ല, റവന്യൂജില്ല, സംസ്ഥാനം എന്നീ തലങ്ങളിലാണ് മത്സരം. ഓരോ വിഭാഗത്തിനും പ്രത്യേകമായാണ് മത്സരം. എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗങ്ങളെ ഒറ്റ യൂണിറ്റായാണ് കണക്കാക്കുന്നത്.