15 ഒക്‌ടോബർ 2011

പ്രവൃത്തി പരിചയ മേളകള്‍ വരവായി 
 
പ്രമോദ് അടുത്തില

വിദ്യാലയങ്ങള്‍ വിവിധ മേളകള്‍ക്ക് ഒരുങ്ങുകയാണ്. പ്രവൃത്തി പരിചയ മേളയെക്കുറിച്ചുള്ള വിവരങ്ങളാവട്ടെ ഇത്തവണ ആദ്യം. വിദ്യാര്‍ത്ഥികളില്‍ കായികവും ബുദ്ധിപരവും സര്‍ഗാത്മകവുമായ കഴിവുകള്‍ വളര്‍ത്താനും അതുവഴി അവരില്‍ തൊഴില്‍ ആഭിമുഖ്യം ഉണ്ടാക്കാനുമാണ് ഇത്തരം മേളകള്‍ ലക്ഷ്യമിടുന്നത്. തൊഴില്‍ ചെയ്യുന്നവരോടുള്ള ബഹുമാനം വര്‍ധിപ്പിക്കാനും ഭാവിയില്‍ ഒരു തൊഴില്‍ ചെയ്യാനുള്ള മാനസികമായ തയ്യാറെടുപ്പിനും ഇതിലൂടെ സാധ്യമാകും. 2009-ലെ പരിഷ്കരിച്ച മാനുവല്‍ പ്രകാരമാണ് ഇത്തവണയും മേളയുടെ നടത്തിപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന സംസ്ഥാനത്തെ ഗവ-എയ്ഡഡ്-അണ്‍എയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എല്‍പി, യുപി, ഹൈസ്കൂള്‍ , ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികളുടെ മേളയാണിത്. സ്കൂള്‍ , ഉപജില്ല, റവന്യൂജില്ല, സംസ്ഥാനം എന്നീ തലങ്ങളിലാണ് മത്സരം. ഓരോ വിഭാഗത്തിനും പ്രത്യേകമായാണ് മത്സരം. എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗങ്ങളെ ഒറ്റ യൂണിറ്റായാണ് കണക്കാക്കുന്നത്. 

മത്സരങ്ങള്‍
  • എല്‍പി, യുപി വിഭാഗങ്ങള്‍ക്ക് പ്രദര്‍ശന മത്സരത്തിന് 20 വീതവും നിര്‍മാണ മത്സരത്തിന് 25 വീതവും ഇനങ്ങളുണ്ട്. ഹൈസ്കൂള്‍ , ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രദര്‍ശനത്തിന് 25ഉം നിര്‍മാണത്തിന് 35 ഉം ഇനങ്ങള്‍ വീതമുണ്ട്. തത്സമയ നിര്‍മാണ മത്സരമാണ് മേളയുടെ ആകര്‍ഷണം. സമയം മൂന്ന് മണിക്കൂര്‍ . സ്കൂള്‍തലത്തില്‍ ഒന്നാംസ്ഥാനം നേടിയവര്‍ക്ക് ഉപജില്ലാ മത്സരത്തില്‍ പങ്കെടുക്കാം. ഒരാള്‍ക്ക് ഒരിനം മാത്രം. എല്‍പി, യുപി വിഭാഗത്തില്‍നിന്ന് 10 ഇനങ്ങള്‍ വീതവും ഹൈസ്കൂള്‍ , ഹയര്‍ സെക്കന്‍ഡറിയില്‍നിന്ന് 20 ഇനങ്ങള്‍ വീതവും മാത്രമേ പങ്കെടുക്കാവൂ. ഉപജില്ലയില്‍നിന്നും റവന്യൂ ജില്ലയില്‍നിന്നും ഓരോ ഇനത്തിലും ഒന്നും രണ്ടുംസ്ഥാനം നേടിയവരെ യഥാക്രമം റവന്യൂ ജില്ലയിലും സംസ്ഥാനതലത്തിലും പങ്കെടുപ്പിക്കാം. എല്‍പി വിഭാഗത്തിന് സംസ്ഥാനതല മത്സരമില്ല. പ്രദര്‍ശന മത്സരങ്ങള്‍ വിവിധ വിഭാഗങ്ങള്‍ സംയുക്തമായാണ് അവതരിപ്പിക്കുന്നത്. സ്പെഷ്യല്‍ സ്കൂള്‍ പ്രവര്‍ത്തിപരിചയ മേളയും ഇതോടൊപ്പം നടക്കും. സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് നേരിട്ട് സംസ്ഥാനതലത്തില്‍ പ്രത്യേക മത്സരം നടത്തുന്നതിനാല്‍ ഇവര്‍ സംസ്ഥാന ജനറല്‍ മേളയില്‍ പങ്കെടുക്കാന്‍ പാടില്ല.

    ഗ്രേസ് മാര്‍‍ക്ക്

    8, 9 ക്ലാസുകളില്‍നിന്ന് സംസ്ഥാനതല മേളയില്‍ പങ്കെടുത്ത് ലഭിക്കുന്ന ഉയര്‍ന്ന ഗ്രേഡ്, ഗ്രേസ് മാര്‍ക്കിനു പരിഗണിക്കണമെങ്കില്‍ പത്താം ക്ലാസില്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്തിരിക്കണമെന്നില്ല. പകരം റവന്യൂ ജില്ലാതല മത്സരത്തില്‍ ഇതേ ഇനത്തില്‍ എ ഗ്രേഡ് ലഭിച്ചാല്‍ മതിയാകും. ഹയര്‍ സെക്കന്‍ഡറിയിലും ഇതേ രീതിയാണ്.

    ക്യാഷ് അവാര്‍ഡ്

    സംസ്ഥാന മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. ഒന്നാം സ്ഥാനം: 1000 രൂപ, രണ്ട്: 800 രൂപ, മൂന്ന്: 600 രൂപ

    മൂല്യനിര്‍ണയം എങ്ങനെ?മത്സരത്തില്‍ 50 ശതമാനമോ, അതിലധികമോ മാര്‍ക്ക് ലഭിക്കുന്ന ഇനങ്ങളെ മാത്രമേ ഗ്രേഡ് ചെയ്യൂ. എ, ബി, സി എന്നീ മൂന്ന് ഗ്രേഡുകളായാണ് തിരിക്കുക. ഓരോ ഗ്രേഡിനും പോയിന്റ് ലഭിക്കും. സ്കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെ എല്ലാ വിഭാഗങ്ങളിലെയും ഇനങ്ങള്‍ക്കും ഇത് ബാധകമാണ്.

    മൂല്യനിര്‍ണയ മാനദണ്ഡം

    1. ഉല്‍പ്പന്നം തയ്യാറാക്കുന്നതിലുള്ള അദ്ധ്വാനഭാരവും കുട്ടിയുടെ പങ്കും - 40% 2. ഉല്‍പ്പന്നം തയ്യാറാക്കുന്നതിലുള്ള വൈദഗ്ധ്യവും പൂര്‍ത്തീകരണവും - 25% 3. ഉല്‍പ്പന്നം തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചുമുള്ള അറിവ് - 20% 4. തയ്യാറാക്കുന്ന ഉല്‍പ്പന്നത്തിന്റെ സാമൂഹ്യ പ്രയോജനം, സവിശേഷത, വില്‍പ്പനയ്ക്കുള്ള നിലവാരം- 15%

    ചന്ദനത്തിരി നിര്‍മ്മാണം

    തിരി നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാ പൊടികളും പ്രത്യേകം പാക്കറ്റുകളിലും എസ്സെന്‍സുകള്‍ , നേര്‍പ്പിക്കാനുള്ള ഓയിലുകള്‍ മുതലായവ പ്രത്യേകം കുപ്പികളിലുമായി മത്സരസ്ഥലത്തു കൊണ്ടുവരണം. കമ്പ് കളര്‍ ചെയ്ത് കൊണ്ടുവരാം. മത്സരസ്ഥലത്ത് മാവ് (കൂട്ട്) തയ്യാറാക്കണം. മണം കൊടുക്കാനുള്ള ലായനി ജഡ്ജിമാരുടെ മുമ്പില്‍വച്ചാണ് തയ്യാറാക്കേണ്ടത്. അതിനെക്കുറിച്ച് കുട്ടിക്ക് അറിവും വേണം. തിരി പൊതിയുന്നതിനുള്ള ഇന്നര്‍ കവറും കൂടും (പെട്ടി) മത്സരസ്ഥലത്തുവെച്ച് ചെയ്യണം. ഈറ, മുള ഉപയോഗിച്ച് കമ്പ് തയ്യാറാക്കുന്ന രീതി ജഡ്ജിമാരുടെ മുമ്പില്‍ കാണിക്കണം. മുന്‍കൂട്ടി തയ്യാറാക്കിയ ലായനി, കൂട് എന്നിവ അനുവദിക്കില്ല.

    ബുക്ക് ബയന്റിങ്

    40 സെ.മീ ഃ 65 സെ.മീ വലിപ്പത്തിലുള്ള 60 ഷീറ്റ് അല്ലെങ്കില്‍ 40 സെ.മീ ഃ 65 സെ.മീ വലിപ്പത്തിലുള്ള 120 ഷീറ്റ്, മ്മ മീറ്റര്‍ കാലിക്കോ 8ീ്വ (മ്മ പൗണ്ട്)|തൂക്കമുള്ള ഒരു സ്റ്റ്രാബോര്‍ഡ്, നൂല്‍ , സൂചി, കത്തി, കത്രിക, പശ, ഒരു ചാര്‍ട്ട് കാര്‍ഡ്, രണ്ട് ഷീറ്റ്ഫാന്‍സി പേപ്പര്‍ തുടങ്ങിയവ കൊണ്ടുവരണം. തയ്യാറാക്കേണ്ട പുസ്തകങ്ങളുടെ ബയന്റിങ് രീതി, വലിപ്പം തുടങ്ങിയ വിവരങ്ങള്‍ ജഡ്ജിമാര്‍ നിര്‍ദ്ദേശിക്കും.

    വെജിറ്റബിള്‍ പ്രിന്റിങ്.

    ചുരുങ്ങിയത് 100 സെ.മീ.  100 സെ.മീ വലുപ്പമുള്ള പോപ്ലീന്‍ തുണി, ഫാബ്രിക് പെയിന്റ്, വിവിധയിനം പച്ചക്കറികള്‍ , തണ്ട്, സ്പോഞ്ച് തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ കൊണ്ടുവരാം. പച്ചക്കറികളില്‍ ഡിസൈന്‍ തയ്യാറാക്കി പില്ലോ കവറോ, ടേബിള്‍ ക്ലോത്തോ, സാരിയോ ഡിസൈന്‍ ചെയ്യുക എന്ന പ്രവൃത്തിയാണ് ഉദ്ദേശിക്കുന്നത്. വിവിധ ഡിസൈനുകളുടെയും നിറങ്ങളുടെയും കോമ്പിനേഷന്‍ , വൃത്തി, വൈദഗ്ധ്യം എന്നിവ പ്രത്യേകം പരിഗണിച്ചാണ് മൂല്യ നിര്‍ണയം. മത്സരസ്ഥലത്ത് തയ്യാറാക്കുന്ന അച്ചുകള്‍ മാത്രമേ ഉപയോഗിക്കാവൂ.

    സ്റ്റഫ് ചെയ്ത കളിപ്പാട്ടങ്ങള്‍ 

    മൃഗങ്ങള്‍ , പക്ഷികള്‍ മുതലായവയുടെ രൂപങ്ങള്‍ പ്രത്യേകമായി തുണിയില്‍ വരച്ച് വെട്ടിയെടുത്ത് ഉറമാതിരി തയ്ച്ച്, മാര്‍ദ്ദവമുള്ള വസ്തുക്കള്‍ നിറച്ച് സ്റ്റഫ്ഡ് കളിപ്പാട്ടം തയ്യാറാക്കണം. ഇവയില്‍ വ്യത്യസ്ത തുണിക്കഷണങ്ങള്‍ ചേര്‍ത്തും കണ്ണ്, മൂക്ക്, ചെവി എന്നിവ തുന്നിപ്പിടിപ്പിച്ചും മനോഹരമാക്കാം. മാതൃക വരയ്ക്കുക, മുറിക്കുക തുടങ്ങിയ എല്ലാ പ്രവൃത്തികളും മത്സരസ്ഥലത്ത് ചെയ്യണം.
കടപ്പാട് : അക്ഷരമുറ്റം- ദേശാഭിമാനി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ