20 ഫെബ്രുവരി 2012


എല്‍പി, യുപി മാറ്റം പുതിയ അധ്യയനവര്‍ഷം

മലപ്പുറം: സംസ്ഥാനത്ത് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിലെ എല്‍പി, യുപി മാറ്റം ജൂണില്‍ ആരംഭിക്കുന്ന അടുത്ത അധ്യയനവര്‍ഷം മുതല്‍ . അഞ്ചാംക്ലാസ് എല്‍പിയുടെയും എട്ടാംക്ലാസ് യുപിയുടെയും ഭാഗമാക്കുന്നതിനുള്ള പ്രാരംഭ നടപടി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. എന്നാല്‍ , ക്ലാസുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോഴും നിലവിലുള്ളവ ഒഴിവാക്കുമ്പോഴുമുണ്ടായേക്കാവുന്ന സാങ്കേതിക പ്രശ്നങ്ങള്‍ പരിഗണിക്കാതെ മൂന്നുമാസംകൊണ്ട് ധൃതിയില്‍ നിയമം നടപ്പാക്കുന്നത് വിദ്യാഭ്യാസമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എല്‍പി സ്കൂളില്‍ അഞ്ചാംതരവും യുപിയില്‍ എട്ടാംതരവും വരുമ്പോള്‍ പുതിയ ക്ലാസ്മുറികളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. സര്‍ക്കാര്‍ മേഖലയില്‍ 899 യുപി സ്കൂളും 2528 എല്‍പി സ്കൂളുമാണുള്ളത്. ഇത്രയും സ്കൂളുകളില്‍ മൂന്നുമാസത്തിനകം കെട്ടിടമുണ്ടാക്കുക അപ്രായോഗികമാണ്. നിലവില്‍ അഞ്ചിലും എട്ടിലും ക്ലാസെടുക്കുന്ന അധ്യാപകരുടെ പുനര്‍വിന്യാസവും പ്രശ്നമാണ്. സര്‍ക്കാര്‍ മേഖലയില്‍ യുപിയില്‍ 14,021ഉം എല്‍പിയില്‍ 20,529ഉം അധ്യാപകരുണ്ട്. എയ്ഡഡ് മേഖലയില്‍ 32,527 യുപി അധ്യാപകരും 35,083 എല്‍പി അധ്യാപകരും. ഇവരുടെ സ്ഥാനം എവിടെയായിരിക്കുമെന്നും ഇവരെ എങ്ങനെ വിഭജിക്കുമെന്നും വ്യക്തമല്ല. എട്ടാംതരം മാറ്റുമ്പോള്‍ ഹൈസ്കൂളുകളില്‍നിന്ന് അധ്യാപകരെ വേര്‍തിരിക്കുന്നത് സംബന്ധിച്ചും വ്യക്തതയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്കൂളുകളില്‍ ഘടനാപരമായും ഭരണപരമായും മാറ്റമില്ലാതെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ തീരുമാനിച്ചതാണ്. നിലവിലുള്ള യുപിയില്‍നിന്ന് അഞ്ചാം ക്ലാസ് ഒഴിവാക്കാതെ, ഒരുകിലോമീറ്റര്‍ പരിധിയില്‍ യുപിയില്ലാത്ത സ്ഥലങ്ങളില്‍ എല്‍പി സ്കൂളിനൊപ്പം പുതുതായി അഞ്ചാംതരം അനുവദിച്ചുകൊണ്ടായിരുന്നു ഇത്. ഒപ്പം മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ ഹൈസ്കൂളില്ലെങ്കില്‍ യുപി സ്കൂളിനൊപ്പം പുതുതായി എട്ടാംതരം അനുവദിക്കാമെന്നും പറഞ്ഞു. പുതിയ ക്ലാസ് അനുവദിക്കുന്നതില്‍ ആദ്യ പരിഗണന സര്‍ക്കാര്‍ സ്കൂളുകള്‍ക്കാണെന്നും വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം അട്ടിമറിച്ചാണ് മാനേജര്‍മാര്‍ക്ക് കൊള്ളയടിക്കാന്‍ വഴിയൊരുക്കി യുഡിഎഫ് സര്‍ക്കാര്‍ പരിഷ്കാരം നടപ്പാക്കുന്നത്. എല്‍പി, യുപി പ്രധാനാധ്യാപകരുടെ ക്ലാസ് ചുമതല ഒഴിവാക്കിയുള്ള ഉത്തരവിന്റെ മറവിലും കോഴ നിയമനങ്ങള്‍ നടക്കുന്നുണ്ട്. നൂറില്‍ കൂടുതല്‍ കുട്ടികളുള്ള യുപി സ്കൂളിലും 150ല്‍ കൂടുതല്‍ കുട്ടികളുള്ള എല്‍പിയിലെയും പ്രധാനാധ്യാപകര്‍ക്ക് ക്ലാസ് ചുമതല ഒഴിവാക്കിയുള്ള ഉത്തരവ് പുറത്തിറക്കിയത് വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിനു മുന്നോടിയായാണ്. എന്നാല്‍ , ഇവര്‍ക്ക് പകരമുള്ള നിയമനം സംബന്ധിച്ച് ആശങ്കകള്‍ തുടരുന്നതിനിടെ ചില ജില്ലകളില്‍ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ വന്‍തുക കോഴ വാങ്ങി അധ്യാപകരെ നിയമിച്ചുതുടങ്ങി. പുതിയ അധ്യാപക നിയമനങ്ങള്‍ അധ്യാപക പാക്കേജ് പ്രകാരമായിരിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കെയാണിത്. വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലയില്‍തന്നെ ഇത്തരം നിയമനങ്ങള്‍ വ്യാപകമായി നടന്നിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമം ജൂണില്‍ തുടങ്ങുന്ന അധ്യയനവര്‍ഷംതന്നെ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. ഇതെങ്ങനെ വേണമെന്ന് തീരുമാനിച്ചിട്ടില്ല. ചര്‍ച്ചകളും നടപടിക്രമങ്ങളും നടക്കുകയാണ്- മന്ത്രി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ