29 മാർച്ച് 2016

ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ഏപ്രില്‍ ഒന്നു മുതല്‍ ഓണ്‍ലൈനില്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നടപ്പിലാക്കിയിട്ടുളള ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്കുളള അംഗത്വം നല്‍കലും ക്ലെയിം തീര്‍പ്പാക്കലും ഏപില്‍ ഒന്നു മുതല്‍ സംസ്ഥാന വ്യാപകമായി ലഭിക്കുമെന്ന് ഇന്‍ഷുറന്‍സ് ഡയറക്ടര്‍ അറിയിച്ചു. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിന് ജീവനക്കാരന്റെ ആദ്യ ശമ്പളത്തില്‍ നിന്നും പ്രതിമാസ വരി സംഖ്യയുടെ ആദ്യ ഗഡു കിഴിവ് നടത്തണം. ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ www.insurance.kerala.keltron.in എന്ന
വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം ഓരോ മാസവും തങ്ങളുടെ ഓഫീസില്‍ പുതുതായി അംഗത്വം ആരംഭിച്ച ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം. ഇതേ വെബ്‌സൈറ്റില്‍ നിന്നു തന്നെ അപേക്ഷയുടെ തല്‍സ്ഥിതി വിവരവും, ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ അംഗത്വം അനുവദിച്ചതിനുശേഷം, അംഗത്വ നമ്പരും അറിയാം . അംഗ്വത്വ നമ്പര്‍ അനുവദിച്ച ശേഷം പാസ് ബുക്ക് ജീവനക്കാരന്റെ മേല്‍വിലാസത്തില്‍ തപാല്‍ മാര്‍ഗം അയച്ചുകൊടുക്കും. സെപ്റ്റംബര്‍ ഒന്നിനുശേഷം ആദ്യ വരിസംഖ്യ അടച്ച ജീവനക്കാരുടെ അപേക്ഷകള്‍ മാത്രമേ ഓണ്‍ലൈനായി സ്വികരിക്കുകയുളളു. ഈ തീയതിക്ക് മുന്‍പ് വരിസംഖ്യ കിഴിക്കല്‍ ആരംഭിക്കുകയും എന്നാല്‍ ഫാറം സി സമര്‍പ്പിച്ച് അംഗത്വം നേടിയിട്ടില്ലെങ്കില്‍ ഇത്തരം ജീവനക്കാര്‍ നിലവിലുളള രീതിയില്‍ ഫാറം സി സമര്‍പ്പിച്ച് അംഗത്വം നേടണം. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും അവസാന തുക പിന്‍വലിക്കുന്നതിനുളള അപേക്ഷ സമര്‍പ്പിക്കുന്നതിനും ഈ വെബ്‌സൈറ്റില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വ്വീസില്‍ നിന്നും വിരമിച്ച/ പുറത്തുപോയ ജീവനക്കാരന്റെ അപേക്ഷ ഫാറം 3 -ല്‍ (ജീവനക്കാരന്‍ മരണപ്പെട്ടാല്‍ അവകാശികളുടെ അപേക്ഷ ഫാറം 5 ല്‍) ലഭിച്ച ശേഷം ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍ വെബ്‌സൈറ്റില്‍ ജി.ഐ.എസ്.ക്ലെയിം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രവേശിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിച്ച് അപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രിന്റ് എടുക്കണം. അതിനുശേഷം ഫാറം 3/5 ലുളള അപേക്ഷ, ഓണ്‍ലൈനായി സമര്‍പ്പിച്ചപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പും പാസ് ബുക്കും സഹിതം ബന്ധപ്പെട്ട ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫിസര്‍ക്ക് നല്‍കണം. അപേക്ഷയുടെ തല്‍സ്ഥിതി വിവരം ഈ വെബ്‌സൈറ്റില്‍ നിന്നു തന്നെ അറിയാന്‍ കഴിയും. ഈ സംവിധാനം സ്പാര്‍ക്കുമായി സമന്വയിപ്പിക്കുന്നതിനുളള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഡി.ഡി.ഒമാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ക്ലെയിം ബില്ലുകളും സ്പാര്‍ക്കു മുഖേന തയ്യാറാക്കി ട്രഷറിയിലേക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാം. ട്രഷറി മുഖന ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് മാത്രമാണ് നിലവില്‍ ഈ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുളളത്. മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിലവിലുളള രീതിയില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് ഡയറക്ടര്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ